കൊച്ചി: 'വിശ്വരൂപം' എന്ന സിനിമയിലെ 'ഉന്നെ കാണാത് നാൻ' എന്ന ഗാനത്തിലൂടെ വൈറലായി മാറിയ രാകേഷ് ഉണ്ണിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കൊച്ചിയിൽ അരങ്ങേറിയത്. പ്രിയപ്പെട്ട ഗായകനോടൊപ്പം വേദി പങ്കിടാൻ കിട്ടിയ അവസരത്തെ സ്വപ്നതുല്യമായി കാണുകയാണ് ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ്. ശനിയാഴ്ച കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഗായകൻ ശങ്കർ മഹാദേവനോടൊപ്പം വേദി പങ്കിടാൻ സാധിച്ചത്. ശനിയാഴ്ച രാവിലെ 10-ന് ശങ്കർ മഹാദേവൻ രാകേഷിനെ ഫോണിൽ ബന്ധപ്പെട്ടു. കൊച്ചിയിലുണ്ടെന്നും അവിടേക്കെത്താൻ എത്ര ദൂരമുണ്ടെന്നും അന്വേഷിച്ചു. 90 കിലോമീറ്ററോളം വരുമെന്നു പറഞ്ഞ രാകേഷിനോട് വൈകുന്നേരത്തെ പരിപാടിക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എങ്ങനെ എത്തുമെന്നും അദ്ദേഹം അന്വേഷിച്ചു. ഞാൻ അവിടെ എത്തിക്കോളം എന്നായിരുന്നു രാകേഷിന്റെ മറുപടി. ബാക്കിയെല്ലാം സ്വപ്നസാഫല്യമാണെന്ന് രാകേഷ് പറഞ്ഞു. ഗ്രാന്റ് ഹയാത്തിലെത്തി ഗായകനെ കണ്ട രാകേഷ് അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുകയും ഒപ്പം നിന്ന് ചിത്രം എടുക്കുകയും ചെയ്തു. തുടർന്ന് രാ കേഷിനെ തന്റെ കൂടെ പാടിക്കുകയാണെന്ന് ലോകത്തെ അറിയിച്ചു കൊണ്ട് ശങ്കർ മഹാദേവൻ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. പരിപാടിക്കു മുമ്പായി അദ്ദേഹത്തിന്റെ എല്ലാം ടീമംഗങ്ങളും ചേർന്നു നിന്നുള്ള പ്രാർത്ഥനാ സമയത്തിന് ഏറെ പ്രത്യേകതയുണ്ടെന്ന് രാകേഷ് പറഞ്ഞു. പരിശീലന സമയത്തും എല്ലാവരുടെയും പിന്തുണ ലഭിച്ചു. ശങ്കർ മഹാദേവന് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത 'എന്ന സൊല്ല പോഗിരായ്' എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ഗുരുതുല്യനായി കാണുന്ന വ്യക്തിയുമായി ഒരു വേദി പങ്കിടാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു - രാകേഷ് കൂട്ടിച്ചേർത്തു. റബ്ബർ തോട്ടത്തിലെ തടികയറ്റുതൊഴിലാളിയായ രാകേഷ് വിശ്രമ വേളയിൽ പാടിയ പാട്ടാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് ഗായകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ടും രാകേഷിനൊപ്പം പാടാൻ താത്പര്യമുണ്ടെന്ന് അറിയിച്ചും ശങ്കർ മഹാദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ കമലഹാസൻ രാകേഷിനെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും നേരിൽ കണ്ട് ഗാനമാലപിക്കുകയും ചെയ്തിരുന്നു. നിലവിൽ തമിഴിൽ രണ്ട് അവസരങ്ങളാണ് രാകേഷിനെ കാത്തിരിക്കുന്നത്. മലയാളത്തിൽ 'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിനു വേണ്ടി പാടിയിരുന്നു. തുടർന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും രാകേഷ് ഉണ്ണി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2K7DeRU
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ