തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. കനത്ത മഴയില്ലെങ്കിലും റിസർവോയറിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഉച്ചക്ക് മൂന്നു മണിക്കുള്ള കണക്ക് പ്രകാരം 2394.80 അടിയാണ് ജലനിരപ്പ്. ഇനി 0.20 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. പിന്നീട് ഏതു നിമിഷവും ചെറുതോണി ഡാമിൽ നിന്നും ജലം തുറന്നു വിട്ടേക്കും. വെള്ളം ഏതു നിമിഷവും തുറന്നു വിട്ടേക്കാമെന്ന മുന്നറിയിപ്പ് പെരിയാറിൻ തീരത്തുള്ളവർക്ക് നൽകുന്ന തിരക്കിലാണ് റവന്യൂ അധികൃതർ. തീരദേശത്ത് താമസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർക്കൊപ്പം ജനപ്രതിനിധികളും ചേർന്ന സംഘങ്ങൾ ബോധവർക്കരണം നടത്തുന്നുമുണ്ട്. ചെറുതോണിയിൽ നിന്നും 90 കിലോമീറ്റർ പിന്നിട്ട് ജനവാസ മേഖലയും വനവും താണ്ടിയാണ് വെള്ളം ആലുവയിലെത്തുക. ചെറുതോണി അണക്കെട്ടിന് അഞ്ച് ഷട്ടറുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നു വിടാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തുറന്നാൽ വെള്ളം സ്പിൽവേയിലൂടെ ഒഴിക ചെറുതോണി ടൗൺ പിന്നിട്ട് തടിയമ്പാടി, കരിമ്പൻ വഴി ലോവർ പെരിയാറിലെത്തും. ചെറുതോണിയിൽ നിന്നും വെള്ളമൊഴുകി 24 കിലോമീറ്റർ അകലേയുള്ള ലോവർ പെരിയാർ ഡാമിലെത്താൻ ഒരു മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ലോവർ പെരിയാർ ജലനിരപ്പ് ഉയർന്നതു കാരണം ലോവർ പെരിയാർ അണക്കെട്ട് ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. പിന്നീട് നേര്യമംഗലം കടന്ന് ഭൂതത്താൻ കെട്ടിലെത്തും. കല്ലാർകുട്ടി ഡാം നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർ പെരിയാറിൽ നിന്നും പിന്നീട് മലയാറ്റൂർ, പെരുമ്പാവൂർ, കാലടി, നെടുമ്പാശ്ശേരി വഴി ആലുവയിലെത്തും. ആലുവയിൽ നിന്നും രണ്ടായി പിരിയും. ഒരു കൈവഴി ഏലൂർ വഴി വരാപ്പുഴ കായലിൽ പതിക്കും. രണ്ടാമത് കൈവഴി കോട്ടപ്പുറം വഴി മുനമ്പത്ത് കടലിൽ പതിക്കും. പെരിയാറിലൂം കൈവഴികളിലും എത്രത്തോളം ജലനിരപ്പുയരുമെന്ന് കൃത്യമായി നിശ്ചയിക്കാനാകില്ല. 26 വർഷത്തിനുള്ളിൽ എക്കലും പാറക്കല്ലുകളും അടിഞ്ഞ് പുഴയിൽ വന്ന മാറ്റങ്ങൾ പലയിടത്തും വെള്ളക്കെട്ടുണ്ടാക്കും. നേര്യമംഗലം മുതൽ വരാപ്പുഴ വരെ വെള്ളം തുറന്നുവിടുന്നത് ജനവാസ മേഖലയെ കൂടുതൽ ബാധിച്ചേക്കും. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. മുൻ കരുതലുകൾ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും. എമർജൻസി കിറ്റ് നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറുകൾ എറണാകുളം -04841077 (7902200300, 7902200400) ഇടുക്കി -048621077 (9061566111, 9383463036) തൃശ്ശൂർ -04871077, 2363424 (9447074424). content highlights:Idukki Reservoir almost full Orange alert will be declared soon
from mathrubhumi.latestnews.rssfeed https://ift.tt/2AnXAa1
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ