ഇടുക്കി ഡാം: മലയിടുക്കില്‍ പ്രകൃതിയുടെ മഹാത്ഭുതം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ഇടുക്കി ഡാം: മലയിടുക്കില്‍ പ്രകൃതിയുടെ മഹാത്ഭുതം

രണ്ട് മലകളുടെ ഇടുക്കിൽ പ്രകൃതി ഒളിപ്പിച്ച മഹാദ്ഭുതം. അത് മനുഷ്യന്റെ സാങ്കേതികമികവുമായി ഒത്തുചേർന്നപ്പോൾ ഉണ്ടായത് കേരളത്തിലെ ഊർജവിപ്ലവം. മൂന്ന് അണക്കെട്ടുകളുൾപ്പെട്ട ഇടുക്കി പദ്ധതിയെ വിശേഷിപ്പിക്കാൻ മറ്റൊന്നില്ല. സമുദ്രനിരപ്പിൽനിന്നും 925 മീറ്റർ ഉയരമുള്ള കുറത്തിമലയ്ക്കും 839 മീറ്റർ ഉയരമുള്ള കുറവൻമലയ്ക്കും ഇടയിൽ കമാനം വിരിച്ച് കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് ഈ പദ്ധതി. ഉയരത്തിൽ ഏഷ്യയിൽ രണ്ടാമനായ ചെറുതോണിയിലെ ആർച്ച് ഡാം, അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ട്, കുളമാവ് ഡാം, മൂലമറ്റം പവർ ഹൗസ് എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഇടുക്കി പദ്ധതി. മലയാളികളുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം 2403 അടി ശേഷിയുള്ള ജലസംഭരണിയാണ്. കനത്തമഴ തുടരുമ്പോൾ ചരിത്രത്തിലാദ്യമായി ജൂലായ് മാസത്തിൽതന്നെ ഡാം നിറയുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകൾ തുറന്നാൽ രണ്ട് ജില്ലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായേക്കാം എന്ന ആശങ്കയിലാണ് ഭരണകൂടവും ജനങ്ങളും. ഇതോടെ 300 വർഷം ആയുസ്സ് പറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇടുക്കി ഡാമിന്റെ പിറവി; ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഓർമ്മ| Read More... തുറക്കുന്നത് പയ്യെപ്പയ്യെ ഡാം കമ്മീഷൻ ചെയ്തത് 1976ൽ രണ്ടുതവണ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നിട്ടുണ്ട്. 1981-ൽ രണ്ടുവട്ടം. ഒക്ടോബർ 29 മുതൽ നവംബർ നാലുവരെയും നവംബർ ഒമ്പത് മുതൽ 11 വരെയും. 1992-ലും രണ്ട് വട്ടം. ഒക്ടോബർ 13 മുതൽ 16 വരെയും നവംബർ 16 മുതൽ 23 വരെയും. ഇത്തവണത്തെ കനത്ത കാലവർഷം ജൂലായിൽത്തന്നെ ഡാമിനെ ഏകദേശം നിറച്ചിരിക്കുകയാണ്. ജലനിരപ്പ് 2390 അടിയായപ്പോൾ ഗ്രീൻ അലർട്ട് നൽകി. ജലനിരപ്പ് 2395-ൽ എത്തിയപ്പോൾ രണ്ടാമത്തെ ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ടും. 2397 അടി ആകുമ്പോൾ റെഡ് അലർട്ട് നൽകും. റെഡ് അലർട്ട് നൽകി 24 മണിക്കൂറിനുശേഷം ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടർ പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി 40 സെന്റീമീറ്റർ ഉയർത്തും. ഇത് നാലുമുതൽ അഞ്ചുമണിക്കൂർ വരെ തുടരും. മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാകും ഷട്ടർ എപ്പോൾ താഴ്ത്തണമെന്ന് തീരുമാനിക്കുക. ഡാം തുറന്നാൽ ചെറുതോണിടൗൺ മുതൽ ആലുവ വരെയാണ് വെള്ളം ഒഴുകുന്നത്. ഈ 90 കിലോമീറ്ററിൽ ആറ് മണിക്കൂർ കൊണ്ട് വെള്ളം താണ്ടും. ഒരു മണിക്കൂറിനുള്ളിൽ ലോവർ പെരിയാർ അണക്കെട്ടിൽ വെള്ളമെത്തും. ഇവിടെനിന്ന് മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വാരാപ്പുഴ കായലിൽ ചേരും. ഷട്ടർ തുറന്നാൽ 400 വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. പെരിയാറിന് ഇരുകരയിലേക്കും 100 മീറ്റർ ദൂരത്തിൽ വെള്ളം പൊങ്ങും. ഇവിടെയുള്ള കൃഷിയിടങ്ങൾ വെള്ളത്തിലാകുകയും ഒലിച്ചുപോകുകയും ചെയ്യും. കല്ലും മണ്ണും തടിയും നിറഞ്ഞ് ലോവർ പെരിയാർ ഡാമിന്റെ സംഭരണശേഷി കുറയും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറുമെന്നും കരുതുന്നു. ഇതൊക്കെയാണെങ്കിലും നാശനഷ്ടങ്ങൾ കുറയ്ക്കാനായി വൻസജ്ജീകരണങ്ങളാണ് സർക്കാരും പോലീസും ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി 12 ദുരിതാശ്വാസകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ ജില്ലാ കളക്ടർ നൽകുന്നുണ്ട്. വെള്ളം സുഗമമായി ഒഴുകാൻവേണ്ടി വഴികളിലെ തടസ്സങ്ങൾ മുഴുവൻ നീക്കിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാസേനയുടെ വൻസംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. എല്ലാവരും ദുരന്തനിവാരണരംഗത്ത് പരിശീലനം ലഭിച്ചവർ. എങ്കിലും ഡാം തുറക്കാതിരിക്കാനുള്ള എല്ലാമാർഗങ്ങളും സർക്കാർ തേടുന്നുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കിൽ മാത്രമേ ഡാം തുറക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ചരിത്രം തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്ന കുറവൻ, കുറത്തി മലകൾ. ആ ഇടുക്കിലൂടെ കുത്തിയൊഴുകുന്ന പെരിയാർ. ഇവിടെ ഒരു അണകെട്ടിയാലോ എന്ന് ആദ്യം ചിന്തിച്ചത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയർ. ഇദ്ദേഹം 1919-ൽ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1922-ൽ ആദിവാസി മൂപ്പനായ കരുവെള്ളായൻ കൊലുമ്പൻ മലങ്കര എസ്റ്റേറ്റ് സൂപ്പർവൈസറായ ഡബ്ല്യു ജെ. ജോണിന് പ്രകൃതിയുടെ ഈ അദ്ഭുതം ചൂണ്ടിക്കാട്ടിയതോടെയാണ് അണക്കെട്ടിന്റെ ശരിക്കുള്ള ചരിത്രം തുടങ്ങുന്നത്. 1932-ൽ ഇദ്ദേഹം എൻജിനീയറും സഹോദരനുമായ പി.ജെ. തോമസിന്റെ സഹായത്തോടെ ഈ ഇടുക്കിൽ എളുപ്പത്തിൽ അണകെട്ടി ജലസേചനവും വൈദ്യുതോത്പാദനവും സാധിക്കുമെന്ന് തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചു. ഇതിനുശേഷം പഠനങ്ങളും മറ്റും നടന്നെങ്കിലും പദ്ധതിയെക്കുറിച്ച് അത്യാവശ്യം സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത് 1947-ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായ ജോസഫ് ജോണാണ്. 1961-ലാണ് പദ്ധതിക്കായി ആധുനികരീതിയിലുള്ള പ്ലാൻ തയ്യാറാക്കിയത്. ഇതിന് 1963 ജനുവരിയിൽ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിക്കുകയും വൈദ്യുതബോർഡ് സാമ്പത്തികച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1967-ൽ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയും നൽകാമെന്ന കരാറിൽ കാനഡ ഇന്ത്യയുമായി ഒപ്പുവെച്ചു. 1968 ഫെബ്രുവരി 17-ന് നിർമാണം ആരംഭിച്ചു. നീണ്ടനാളുകളുടെ പ്രയത്നത്തിന് ശേഷം 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകൾ പിന്നീട് ഘട്ടംഘട്ടമായാണ് പ്രവർത്തന ക്ഷമമായത്. ആദ്യം ആർച്ച് ഡാം ആർച്ച് ഡാം | File Photo: PP Ratheesh/mathrubhumi 66 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഒറ്റയൊരു ജലസംഭരണി. ഉപ്പുതറ മുതൽ കുളമാവ് വരെ. ഇതിനുള്ളിൽ വെള്ളം തടഞ്ഞ് നിർത്താനായി മൂന്ന് അണക്കെട്ടുകൾ. പെരിയാറിന് 526.29 ചതുരശ്ര കിലോമീറ്റർ, ചെറുതോണിയാറിന് 123.02 ചതുരശ്ര കിലോമീറ്റർ, കിളിവള്ളിത്തോടിന് 0.91 ചതുരശ്രകിലോമീറ്റർ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം സംഭരണിയിലേക്ക് എത്തും. ആദ്യമുള്ളത് ചെറുതോണിയിലെ ആർച്ച് ഡാം (കമാന അണക്കെട്ട്). കുറത്തിയുടെ വലം കൈയും കുറവന്റെ ഇടംകൈയും കൂട്ടിച്ചേർത്ത് ഡബിൾ കർവേച്ചർ പരാബോളിക് തിൻ ആർച്ച് രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരു ചിരട്ടയെ നാലായി പകുത്ത് ഒരു കഷണമെടുത്താൽ എങ്ങനിരിക്കുമോ. അങ്ങനെ. ആർച്ച് ഡാമിൽ മൂന്ന് വ്യത്യസ്ത നിലകളിൽ ഇൻസ്പെക്ഷൻ ഗാലറികളുമുണ്ട്. വലംകൈ-ചെറുതോണി ഡാം ചെറുതോണി അണക്കെട്ട് അടുത്തത് കുറവന്റെ വലം കൈയായ ചെറുതോണി അണക്കെട്ട്. ഉയരം 138.38 മീറ്റർ. പെരിയാറിന്റെ കൈവഴിയായ ചെറുതോണി പുഴയെ ഗതിമാറ്റിയാണ് ഈ അണകെട്ടിയിരിക്കുന്നത്. 34 അടി വീതിയും 50 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളുള്ളത് ഇവിടെയാണ്. അതിനാൽ തന്നെ ഇടുക്കി അണക്കെട്ടിലെ ഏറ്റവും പ്രധാനഭാഗം ഇവിടെയാണെന്ന് പറയാം. പെരിയാറിൽനിന്നും കവിയുന്ന വെള്ളം ചെറുതോണി പുഴയിലൂടെ രക്ഷപ്പെടാതിരിക്കാനാണ് ആർച്ച് ഡാമിന് മൂന്നു കിലോമീറ്റർ ഇപ്പുറത്ത് മാറി ഒരു അണകൂടി കെട്ടിയത്. കുളമാവ് ഡാമും മൂലമറ്റം പവർഹൗസും കുളമാവ് ഡാം | File Photo 2080.26 മീറ്റർ അകലത്തിലുള്ള കുളമാവാണ് അവസാനത്തെ അണക്കെട്ട്. മൂവാറ്റുപുഴയാറിന്റെ പോഷക നദിയായ കിളിവള്ളിവരെ നീണ്ടു കിടക്കുന്ന സംഭരണിയിൽ കിളിവള്ളി തോടിനുകുറുകെ ഒരു അണകെട്ടിയിരിക്കുകയാണ്. പകുതി കരിങ്കല്ലിലും ബാക്കി കോൺക്രീറ്റിലും തീർത്ത ബലവത്തായ അണ. ഇവിടെ നിന്നാണ് തുരങ്കം വഴി മൂലമറ്റം പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ച് ആറ് ജനറേറ്ററുകൾ കറക്കിയാണ് കേരളത്തിന് വെളിച്ചംപകരുന്നത്. ഒരുദിവസം പൂർണതോതിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാൽ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം കുടയത്തൂർ പുഴയിലേക്ക് ഒഴുക്കിവിടും. കാത്തുരക്ഷിക്കാനും അണ അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും കൊച്ചിയെയും എറണാകുളം, തൃശ്ശൂർ ജില്ലകളിലെ പടിഞ്ഞാറൻ ദേശങ്ങളെയും പെരിയാറിന്റെ ഇരുകരകളിലുള്ളവരെയും കാക്കുന്നത് ഇടുക്കി അണക്കെട്ടാണ്. അണക്കെട്ടിൽ എത്രയോ കൂടുതൽ വെള്ളം താങ്ങി നിർത്തിയിട്ടും ഈ മഴയിലുണ്ടായ ദുരിതം വലുതായിരുന്നു. അപ്പോൾ ഇടുക്കി അണക്കെട്ട് ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു? പെയ്യുന്ന മഴ മുഴുവൻ താഴേക്ക്. വേമ്പനാട് കായൽനിലത്തിൽ വെറും രണ്ടു ടി.എം.സിയിൽ കുറച്ചു വെള്ളമേ കൊള്ളൂ. അപ്പോൾ കുട്ടനാട്ടിൽ ഉൾപ്പെടെ എന്തായിരിക്കും പ്രളയം. വെള്ളപ്പൊക്ക നിയന്ത്രണത്തിൽ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു സാരം. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നു പഴമക്കാർ പറയുന്ന 1924-ജൂലായിലെ വെള്ളപ്പൊക്കം കനത്ത നാശമാണുണ്ടാക്കിയത്. അന്ന് അണക്കെട്ടില്ലല്ലോ. അന്നത്തെ ദുരിതങ്ങളെക്കുറിച്ചറിയാൻ കൂടുതൽ രേഖകളൊന്നുമില്ല. പലരുടെയും ഓർമകളിൽനിന്നാണ് അന്നത്തെ ദുരിത ചരിത്രമറിയാൻ കഴിയുന്നത്. 1961-ൽ ഉണ്ടായ വെള്ളപ്പെക്കത്തെക്കുറിച്ച് കുറേക്കൂടി വിവരങ്ങളുള്ളതായി മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് നിരന്തര പഠനം നടത്തിയ സിവിൽ എൻജിനീയറും ജലവിഭവ മാനേജ്മെന്റ് വിദഗ്ധനുമായ ജയിംസ് വിൽസൺ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2LQFqlJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages