ഇടുക്കി ഡാമിന്റെ പിറവി; ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മ്മ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ഇടുക്കി ഡാമിന്റെ പിറവി; ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഓര്‍മ്മ

സഹ്യനിൽ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി കേരളത്തെ നനയ്ക്കുന്ന നദികളിൽ സഹ്യന് കിഴക്കുള്ളവർ കണ്ണുവെച്ച ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യം മുല്ലപ്പെരിയാർ അണക്കെട്ട് വഴി അവർ വെള്ളം തങ്ങൾ പറയുന്നിടത്തേയ്ക്ക് തിരിച്ചു വിട്ടു. അതുകഴിഞ്ഞപ്പോൾ പെരിയാറിന്റെ ഉറവിടം വെട്ടി കിഴക്കോട്ട് ഒഴുക്കാനായി ശ്രമം. മൂന്ന് തുണ്ടങ്ങളായി (തിരുവിതാംകൂർ, കൊച്ചി, മലബാർ) കിടക്കുന്ന മലയാളക്കരയിൽ ആരും തങ്ങളെ എതിർക്കാനുണ്ടാകില്ലെന്ന് മദിരാശിയിലിരുന്നവർ കണക്കു കൂട്ടി. സമർത്ഥമായ ചരടുവലിയവർ അതിനായി നടത്തിക്കൊണ്ടിരുന്നു. ഇടുക്കിയിൽ അണ പണിത് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന നിർദേശം നേരത്തെ ഉയർന്നതാണെങ്കിലും വൻ സാമ്പത്തികച്ചെലവ് കാരണം തിരുവിതാംകൂർ ഗവൺമെന്റ് ഉപേക്ഷിച്ചിരുന്നു. ഇതും മദിരാശിക്കാർ നന്നായി മുതലെടുത്തു. മലകൾ തുരന്ന് കിഴക്കോട്ട് വെള്ളമെന്ന പദ്ധതി തയ്യാറാക്കി ബ്രിട്ടീഷ് ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു അവർ. കൃഷിയും വൈദ്യുതി ഉത്പാദനവുമായിരുന്നു മദിരാശിക്കാരുടെ ലക്ഷ്യം. ഒരു ഘട്ടത്തിൽ അതിനവകാശം അവർക്ക് ലഭിച്ചേക്കുമെന്ന സ്ഥിതി വരെയുണ്ടായി. എന്നാൽ രണ്ടാം ലോകയുദ്ധകാലത്ത് സാമ്പത്തിക ബാധ്യത കാരണം ബ്രിട്ടീഷുകാർ വൻകിട പദ്ധതികൾ തത്കാലം വേണ്ടെന്ന് വെച്ചു. ബ്രിട്ടീഷുകാർ പോയിട്ടും പഴയ മദിരാശിക്കാർ ശ്രമം തുടർന്നു. തങ്ങളുടെ ആഗ്രഹം നടപ്പാക്കാൻ അവർ ഡൽഹിയിൽ സമ്മർദ്ദം ചെലുത്തി. ആസൂത്രണ ബോർഡിന്റെ മുന്നിൽവരെ കാര്യമെത്തിച്ചു. ഇതറിഞ്ഞ കുറേപ്പേർ കൊച്ചിയിൽ മറു പണി തുടങ്ങിയിരുന്നു. ഇടുക്കി ഡാം: മലയിടുക്കിൽ പ്രകൃതിയുടെ മഹാത്ഭുതം | Read More... കൊച്ചിക്കാരുടെ നിവേദനം വിദഗ്ദ്ധരും അല്ലാത്തവരുമായുള്ള ഒരു സംഘം കൊച്ചിക്കാർ ഇവിടെ എത്തുന്ന ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയ്ക്ക് നൽകുവാനായി ഒരു നിവേദനം തയ്യാറാക്കി. സഹ്യന്റെ മടിത്തട്ടിൽ നിന്നൊഴുകുന്ന പെരിയാറിനെ മല തുരന്ന് കിഴക്കോട്ട് ഒഴുക്കിയാൽ മലയാളക്കരയിലുണ്ടാകുന്ന ഭവിഷ്യത്തുകൾ അവർ നിവേദനത്തിൽ അക്കമിട്ട് നിരത്തി. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള രാഷ്ട്രീയ പ്രക്ഷുബ്ധത കാരണം രണ്ട് സർക്കാരുകൾക്കും മദിരാശിക്കാരുടെ നീക്കത്തെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പെരിയാറിന്റെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള അണക്കെട്ട് കൊച്ചിക്കു ചുറ്റുമുണ്ടാക്കുന്ന കാർഷിക സമൃദ്ധിയെക്കുറിച്ച് വിസ്തരിച്ച നിവേദനത്തിൽ വൈദ്യുതി ഉത്പാദനത്തിൽ നൽകേണ്ട മുൻഗണനയും എടുത്തുകാട്ടി. പെരിയാറിന്റെ തുടക്കമായിരുന്ന കുറത്തിപ്പാറയ്ക്ക് കുറുകെ അണകെട്ടിയാൽ ഇരുന്നൂറ് ചതുരശ്ര നാഴിക വിസ്താരമുള്ള ജലാശയം നിർമിക്കാമെന്നും ഇതിനനുബന്ധമായി ചെറുതോണിയിൽ മറ്റൊരു അണക്കെട്ട് നിർമിക്കുമ്പോഴുണ്ടാകുന്ന ജലാശയവും കൂടി ചേർന്നാൽ വൈദ്യുതി ഉത്പാദനത്തിൽ രാജ്യത്ത് തന്നെ പ്രഥമ സ്ഥാനം ഈ നാടിന് കൈവരുമെന്നും ഇവർ കണക്കുകൾ നിരത്തി സമർത്ഥിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമാകുമിത്. ചില പുൽമേടുകളല്ലാതെ കാട്ടു പ്രദേശങ്ങൾ മുങ്ങിപ്പോകില്ല. ഇടുക്കി അണക്കെട്ട് നിർമിക്കാൻ കണ്ടെത്തിയ സ്ഥലം ജനവാസമില്ലാത്തതിനാൽ ആ പ്രശ്നവുമുദിക്കുന്നില്ല. ഭാവിയിൽ ഒരു വൻനഗരമായിപ്പോലും വികസിക്കുമിവിടം. നാടുകാണിമല തുരന്നാൽ എണ്ണായിരം അടി നീളത്തിൽ തുരങ്കമുണ്ടാക്കാം. ഇതുവഴി കൊടത്തൂർ പുഴയിലേയ്ക്ക് വെള്ളമൊഴുക്കി 2300 അടി ഉയരമുള്ള ജലപാതയുണ്ടാക്കാം. അറക്കുളം ക്ഷേത്രത്തിന് സമീപമാകണം പവർഹൗസ്. ഈ ജലപാതം ഉപയോഗിച്ച് ടർബൻ പ്രവർത്തിപ്പിക്കാം. ഈ പ്രദേശത്ത് പ്രതിവർഷം ഇരുന്നൂറ് ഇഞ്ച് വരെ മഴ ലഭിക്കുന്നുണ്ട്. ജല ദൗർലഭ്യം മൂലമുള്ള വൈദ്യുതി ഉത്പാദന തകർച്ച ഒരിക്കലുമുണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. തേക്കടി പോലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രം സ്വാഭാവികമായി ഉയരുന്ന ഇവിടെ സഞ്ചാരികൾക്കെത്താൻ കൊച്ചിയിൽ നിന്ന് മധുരയിലേയ്ക്ക് തീവണ്ടിപ്പാത നിർമിക്കണം. ഇടുക്കി ഡാം കൊച്ചിക്കുണ്ടാക്കുന്ന വളർച്ചയും പ്രവചിക്കുന്നുണ്ട് നിവേദനത്തിൽ. കൊച്ചിക്ക് ചുറ്റും ചെറുനഗരങ്ങൾ ഉയരുന്നുമെന്നും അവർ ദീർഘ ദർശനം ചെയ്യുന്നു നിവേദനത്തിൽ. എന്ന് മാത്രമല്ല കൊച്ചിക്കാവശ്യമായ കുടിവെള്ളം വരെ ഇടുക്കിയിൽ നിന്ന് പൈപ്പുകൾ വഴി എത്തിക്കാം. വൈദ്യുതിക്കും കുടിവെള്ളത്തിനുമാവശ്യമായത് കഴിഞ്ഞുള്ള ജലം കൊച്ചിക്കു ചുറ്റും കുന്നത്തുനാട്ടിലും മൂവാറ്റുപുഴയിലും വൈക്കം താലൂക്കിന്റെ വടക്കൻ ഭാഗങ്ങളിലുമുള്ള നിലവിലെ നെൽകൃഷി മുപ്പൂവാക്കി ഉയർത്തും. അത് വഴി മറ്റൊരു നെല്ലറ കൊച്ചിക്ക് ചുറ്റും രൂപപ്പെടും. കാർഷിക സമൃദ്ധിയുടെ നടുവിലൊരു നഗരമെന്ന പട്ടം പേറാൻ കൊച്ചിയെ പ്രാപ്തമാക്കും കുറത്തിപ്പാറയിലേയും ചെറുതോണിയിലേയും അണക്കെട്ടുകൾ. 125 ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള മുപ്പൂ കൃഷിപ്പാടങ്ങളും അതിന് നടുവിലെ കൊച്ചി നഗരവുമായിരുന്നു നിവേദകർ വിഭാവനം ചെയ്തിരുന്നത്. കൊച്ചിയിൽ നിന്ന് 37 മൈൽ അകലെയുള്ള ഇടുക്കി ജലാശയത്തെ നാവിക സേനയ്ക്ക് പോലും ഉപയോഗിക്കാമെന്ന നിർദേശവും നിവേദകർക്കുണ്ടായിരുന്നു. കേരള സംസ്ഥാനം നിലവിൽ വന്നതോടെ തമിഴ് നാട്ടിൽ നിന്നുള്ള ആവശ്യം കെട്ടടങ്ങി. അതിനു മുൻപ് (1955) ഗുൽസാരിലാൽ നന്ദയ്ക്ക് നൽകിയ നിവേദനം തയ്യാറാക്കിയ ആ കൊച്ചിക്കാർ ഇന്നും അജ്ഞാതം. തിരുകൊച്ചിയിലെ പൗരപ്രമുഖരെ ആയിരുന്നു നിവേദനത്തിൽ പറഞ്ഞിരുന്നത്. അതേ സമയം ഇടുക്കി ജല വൈദ്യുത പദ്ധതിയെന്ന ആശയത്തിന് രണ്ടാം ലോക യുദ്ധത്തിന് മുൻപ് തന്നെ മുളപൊട്ടിയിരുന്നു. ഒരു യൂറോപ്യൻ എൻജിനീയർ (ഇദ്ദേഹം ഇറ്റലിക്കാരനാണെന്നും അതല്ല ജർമൻകാരനാണെന്നും രണ്ടഭിപ്രായമുണ്ട്) ആയിരുന്നു ഇടുക്കിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ പറ്റും വിധത്തിൽ അണ നിർമിക്കാമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ഗവൺമെന്റിന് ആദ്യം റിപ്പോർട്ട് നൽകിയത്. എന്നാൽ പണച്ചെലവും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കാനുമുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് ഈ റിപ്പോർട്ട് പരിഗണിച്ചില്ല. ഇടുക്കി അണക്കെട്ട് നിർമിക്കാൻ കണ്ടെത്തിയ സ്ഥലം പള്ളിവാസൽ പദ്ധതി കൈക്കൊതുങ്ങുമെന്ന അഭിപ്രായമായിരുന്നു തിരുവിതാംകൂർ ഗവൺമെന്റിനുണ്ടായിരുന്നത്. 1940 കളിൽ ഡബ്ല്യൂ.ജെ. ജോൺ, ജോസഫ് ജോൺ എന്നീ എൻജിനീയർമാർ ഇടുക്കി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി. ഇരുപത്തിയാറ് കോടി രൂപയായിരുന്നു അവർ കണക്കാക്കിയ പദ്ധതിച്ചെലവ്. ലോകയുദ്ധം കാരണം അസംസ്കൃത സാധനങ്ങൾക്കുണ്ടായ വിലക്കയറ്റമാണ് ചെലവ് ഇത്രയുമുയർത്തിയത്. യുദ്ധാനന്തരം വിലയിടിയുമെന്നും അപ്പോൾ പതിനെട്ട് മുതൽ ഇരുപത് കോടി രൂപ വരെ മാത്രമേ ചെലവുണ്ടാകൂവെന്നും അവർ കണക്ക് സഹിതം റിപ്പോർട്ട് തയ്യാറാക്കി. പക്ഷേ സാമ്പത്തികച്ചെലവ് ഭയന്ന് തിരുവിതാംകൂർ ഗവൺമെന്റ് ഈ റിപ്പോർട്ടിന്റെ മേലും കൈവെച്ചില്ല. എങ്കിലും സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ തിരുവിതാംകൂർ ഗവൺമെന്റ് ഇടുക്കി പദ്ധതിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. അന്നത്തെ ഗവൺമെന്റിന്റെ നിർദേശ പ്രകാരം പദ്ധതി പ്രദേശം സന്ദർശിക്കാൻ ആദ്യ സംഘം കൊച്ചിയിൽ നിന്ന് 1947ൽ ഇടുക്കിയിലേക്ക് പോയിരുന്നു. കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കുന്ന ആദ്യ ചുവടു വെയ്പായിരുന്നു അത്.


from mathrubhumi.latestnews.rssfeed https://ift.tt/2vmSl4u
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages