ഇ വാർത്ത | evartha
മുന്‍ രാഷ്ട്രപതിയുടെ കുടുംബം അസാം ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്; 30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെയും പട്ടികയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: അസമില്‍ കഴഞ്ഞ ദിവസം പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടികയില്‍ നിന്ന് പുറത്തായവരില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരനും കുടുംബവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്.
തന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഫക്രുദ്ദീന്‍ അലിയുടെ സഹോദരന്‍ ഇക്രാമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാഹുദ്ദീന്‍ പറഞ്ഞു. ”ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. എന്റെ പിതാവിന്റെ പേരും മരിച്ച് പോയവരുടെ പട്ടികയിലില്ല”, പൗരത്വത്തിനായി വേണ്ട ആവശ്യമായ രേഖകള്‍ അധികൃതര്‍ക്ക് നല്‍കുമെന്നും സിയാഹുദ്ദീന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അസാമിലെ കംരുപ് ജില്ലയില്‍ റംഗിയയില്‍ താമസിക്കുന്നവരാണ് മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബം.
അതിനിടെ, 30 വര്‍ഷം രാജ്യത്തിന്റെ അതിര്‍ത്തി കാത്ത സൈനികനും പൗരത്വ പട്ടികയില്‍നിന്നും പുറത്തായി. അസം സ്വദേശിയായ മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അനധികൃത കുടിയേറ്റ ട്രിബ്യൂണലില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം ഹഖ് 1972 മാര്‍ച്ച് 21നുശേഷമാണ് ഇന്ത്യയിലെത്തിയതെന്നാണ് രേഖകള്‍ പറഞ്ഞുവെക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോറിന്‍ ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ സൈന്യത്തില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സംശയിക്കപ്പെടുന്ന വോട്ടര്‍’ എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രിബ്യൂണല്‍ ഹഖിനെ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ താന്‍ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. 1966ലെ വോട്ടര്‍പട്ടികയില്‍ തന്റെ പിതാവിന്റെ പേരുള്‍പ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയില്‍ മാതാവിന്റെ പേരുള്‍പ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു.
2012ല്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചതും ഇന്ത്യന്‍ പൗരത്വം തെളിയിക്കപ്പെട്ടതുമായിരുന്നു. തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടിരുന്നു.
‘ആറു മാസത്തെ പരിശീലനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഞാന്‍ കരസേന സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആ തീരുമാനം വിഷമകരമാണ്’ ഹഖ് പറഞ്ഞു. കരസേനയുടെ കമ്പ്യൂട്ടര്‍, നെറ്റ്‌വര്‍ക്കിങ് സംഘങ്ങളിലാണ് സര്‍വീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഓണ്‍ലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായത്.
അതേസമയം 40 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. 3.29 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 കോടി പേര്‍ക്ക് മാത്രമാണ് പട്ടികയില്‍ ഇടംപിടിക്കാനായത്. പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ഓരോരുത്തര്‍ക്കും പൗരത്വം തെളിയിക്കുന്നതിനായുള്ള വ്യക്തിഗത കത്തുകള്‍ നല്‍കുമെന്ന് സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലും കൂടിയായ ശൈലേഷ് പറഞ്ഞു.
ഓരോ പ്രക്രിയയും സുതാര്യമായിട്ടാണ് നടപ്പാക്കുന്നത്. ആക്ഷേപങ്ങളും പരാതികളും പരിഹരിക്കും. എല്ലാവര്‍ക്കും അവരുടെ പൗരത്വം തെളിയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലിസ്റ്റിനെതിരെ മമത ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട് ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LRcfPw
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ