കോഴിക്കോട്:ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാൻ കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന മാവേലി സർവീസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. താത്കാലിക പെർമിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഏകദേശം 25 ബസ്സുകൾ സർവീസിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി വടക്കൻ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മേഖലാ തരംതിരിയ്ക്കൽ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. മേഖലാ തരംതിരിവിനെ എതിർക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. അവരുടെ ദുർവ്യാഖ്യാനം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പലരും കെ.എസ്.ആർ.ടി.സിയെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നുവെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സിയുടെ ചിൽസർവീസ് ലാഭകരമാണ്. അതു കൊണ്ട്കൂടുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്പത്തൂർ ചിൽസർവീസും തുടങ്ങും. കോഴിക്കോട് മേഖല കെ.എസ്.ആർ.ടി.സി കോംപ്ലക്സിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. മേഖലാധികാരികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും. കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് മേഖലയ്ക്ക് കീഴിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണുള്ളത്.കെ.എസ്.ആർ.ടി.സി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് കോഴിക്കോട് മേഖല ഓഫീസ് പ്രവർത്തിക്കുന്നത്.മൂന്ന് സോണുകളിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ളത് വടക്കൻ മേഖലയ്ക്ക് കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണിൽ ഉൾപ്പെടുന്നത്. സെൻട്രൽ സോണിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടും. മേഖലാ വിഭജനം നടപ്പാക്കിയത് പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശപ്രകാരമാണ്. നിലവിൽ അഞ്ചു സോണുകളാണുണ്ടായിരുന്നത്. പുതിയ രീതി അനുസരിച്ച് ജില്ലാ ആസ്ഥാനവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ തസ്തികയും ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച് സോണൽ ഓഫീസർ നിർദേശം നൽകും. സ്ഥലംമാറ്റം അടക്കം സോണിന് കീഴിൽ വരുമെന്നും മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2LAOb3Q
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ