യു.എ.ഇ.യിൽ പൊതുമാപ്പ് ഇന്നുമുതൽ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

യു.എ.ഇ.യിൽ പൊതുമാപ്പ് ഇന്നുമുതൽ

ദുബായ്: മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങുന്നു. 'രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് ഈ സൗകര്യം ഒരുക്കിയത്. ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നൽകി രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകാനോ യു.എ.ഇ.യിൽത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. ആർക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. ആറുവർഷത്തിനുശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് നിലവിൽവരുന്നത്. അവസാനമായി 2012-ൽ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു പൊതുമാപ്പിന്റെ കാലാവധി. യു.എ.ഇ. അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പൊതുമാപ്പ്. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേതിനെക്കാൾ കുറവായിരിക്കുമെന്നാണ് യു.എ.ഇ. ഇമിഗ്രേഷൻ അധികൃതരുടെ നിഗമനം. അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവർക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവർഷത്തേക്ക് അവർക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കാനാവില്ല. 1996-ലാണ് യു.എ.ഇ. നിയമലംഘകർക്കായി ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആറുമാസം നീണ്ട ആ പൊതുമാപ്പിൽ രണ്ടുലക്ഷം പേരും 2002-ൽ മൂന്നുലക്ഷം പേരും 2007-ൽ 3.41 ലക്ഷം പേരുമാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ യിൽ തങ്ങുന്നവർക്ക് പൊതുമാപ്പിലൂടെ രേഖകൾ ശരിയാക്കിയാൽ പുതിയ ജോലി കണ്ടെത്തുന്നതിന് ആറുമാസത്തെ വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ, പൊതുമാപ്പിന് ശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ പന്ത്രണ്ടായിരത്തിലേറെ പേർ പിടിയിലായിരുന്നു. കനത്ത പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കൃത്യമായ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ എത്തുകയും എന്നാൽ, മതിയായ താമസരേഖകളില്ലാതെ ഇപ്പോൾ ഇവിടെ തങ്ങുകയും ചെയ്യുന്ന ആർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ, സാമ്പത്തിക ക്രമക്കേടുകളിലും പോലീസ് കേസുകളിലും പെട്ടവർക്ക് അവസരമുണ്ടാവില്ല. ഇവർക്ക് ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്റ്റേഷനുകളിലോ പോയി കേസുകൾ അവസാനിപ്പിച്ചശേഷം താമസരേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാനാവും.


from mathrubhumi.latestnews.rssfeed https://ift.tt/2MaNkU4
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages