ഇ വാർത്ത | evartha
ദുരിതാശ്വാസ ക്യാമ്പില്‍ ‘ജിമിക്കി കമ്മലിന്’ ചുവടുവച്ച് താരമായ ആസിയാബീവി ഇനി സിനിമയിലേക്ക്
പ്രളയബാധിതരുടെ ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട് വെച്ച് വൈറലായ ആസിയ ബീവി ഇനി സിനിമയിലേക്ക്. കിസ്മത്ത് എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക. ആസിയയുടെ നൃത്തവും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ട സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.
ചേരാനല്ലൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15നാണ് ആസിയ ബീവിയും കുടുംബവും വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതനില്‍ എത്തിയത്. മൂകമായിരുന്ന ക്യാമ്പിനെ സന്തോഷമാക്കാന്‍ സംഘാടകര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പാട്ടിനും ഡാന്‍സിനുമുള്ള വേദിയായി ക്യാമ്പ് മാറി.
‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം എത്തിയതോടെ അസിയ ബീവിയും അവരോടൊപ്പം ചേര്‍ന്നു. അതോടെ ക്യാമ്പിന്റെ അന്തരീക്ഷമാകെ മാറി. എല്ലാവരും ചുറ്റും നിന്ന് കൈ അടിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. പാട്ടിന് ചേര്‍ന്ന രീതിയില്‍ സ്വന്തമായി സ്റ്റെപ്പൊക്കെ ചേര്‍ത്ത ആസിയ ബീവിയുടെ ഡാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിയയുടെ ഡാന്‍സ് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഗതി വൈറലായി.
ജീവിതത്തെ എന്നും പുഞ്ചിരിയോടെ കാണാനാണ് തനിക്കിഷ്ടമെന്ന് ആസിയ ബീവി പറയുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ദൈവത്തിന്റെ പരീക്ഷണമാണ്. അതുകൊണ്ട് സങ്കടം ഇല്ലെ. ജീവന്‍ തിരിച്ചുകിട്ടിയല്ലോ, നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഉണ്ടാക്കാം. ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് കൊടുക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്ന സമയമത്രയും സന്തോഷമായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. വെട്ടിക്കല്‍ മാര്‍ ബസേലിയസ് ക്യാമ്പ് തന്നെ ജീവിതത്തിലെ ഏഴു നല്ല ദിവസങ്ങള്‍ ആയിരുന്നു എന്നും ആസിയ പറഞ്ഞു.
ക്യാമ്പിലെത്തിയവര്‍ക്ക് വേണ്ടി എന്തു സഹായത്തിന് വേണ്ടിയും സന്നദ്ധസംഘടനകളും പഞ്ചായത്ത് ഭരണാധികാരികളും ഉണ്ടായിരുന്നു. എല്ലാവരുടെയും പെരുമാറ്റംകൊണ്ട് ക്യാമ്പ് ഒരു കുടുംബം പോലെയാണ് തോന്നിയത്. പാട്ടും ഡാന്‍സും കഥ പറച്ചിലുകളും എല്ലാമായി ക്യാമ്പ് ഒരു ആഘോഷമായിരുന്നു. നഷ്ടപ്പെടലിന്റെ വേദന അവിടെ അറിഞ്ഞതേയില്ല. ഒരാഴ്ചത്തേക്കുള്ള വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് ക്യാമ്പിലെ ജീവനക്കാര്‍ തങ്ങളെ യാത്രയാക്കിയതെന്നും ആസിയ പറഞ്ഞു.
ആസിയ ബീവി ചേരാനല്ലൂര്‍ എടയാകുന്നം അമ്പലത്തിനടുത്ത് വാടകവീട്ടിലാണ് താമസം. വൈറ്റില ജംഗ്ഷനില്‍ ദിവസക്കൂലിക്ക് ട്രാഫിക് വാര്‍ഡനായി ജോലി ചെയ്ത് വരികയാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2o9UVHW
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ