തൃശ്ശൂർ: കൈയിൽ എ.കെ. 47-ഉം കണ്ണിൽ നിതാന്തജാഗ്രതയുടെ തിളക്കവുമായി ഉറച്ച കാൽവയ്പുകളോടെ അവർ പോലീസ്‌സേനയിലേക്ക് നടന്നുകയറിയപ്പോൾ പുതിയൊരു ചരിത്രം കുറിക്കപ്പെട്ടു. കറുപ്പുവേഷമണിഞ്ഞ അവർ 44 പേർ കേരള പോലീസിലെ ആദ്യ വനിതാ കമാൻഡോകളാണ്. ഒൻപതുമാസത്തെ കഠിന പരിശീലനത്തിലൂടെ മെയ്‌വഴക്കവും മനക്കരുത്തും നേടിയാണ് അവർ സേനയുടെ ഭാഗമാകുന്നത്. തൃശ്ശൂർ പോലീസ് അക്കാദമിയിൽ ചൊവ്വാഴ്ച നടന്ന പാസിങ് ഒൗട്ട് പരേഡിലെ മുഖ്യ ആകർഷണം വനിതാ കമാൻഡോകളുടെ വിസ്മയപ്രകടനങ്ങളായിരുന്നു. കാട്ടിലും മേട്ടിലും തീയിലും വെള്ളത്തിലും നേടിയ സായുധപരിശീലനത്തിലെ അടവുകളെല്ലാം പെരുമഴയിലും ആവേശംചോരാതെ അവർ പുറത്തെടുത്തു. കേരളത്തിലെ വനിതാ ബറ്റാലിയനിലേക്ക് ആദ്യമായി പരിശീലനം പൂർത്തിയാക്കിയ 578 വനിതകളിൽപ്പെട്ടവരാണിവർ. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവർക്ക് ലഭിച്ചത്. ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിങ്, കമ്പ്യൂട്ടർ, ജംഗിൾ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് എന്നിവയിലെല്ലാം പ്രാവീണ്യവും നേടി. കമാൻഡോകളിൽ ഏറ്റവും മികവു തെളിയിച്ചത് എറണാകുളം പച്ചാളം സ്വദേശിനി ദയാപാർവതിയാണ്. ബെസ്റ്റ് കമാൻഡോ ആയി തിരഞ്ഞെടുക്കപ്പെട്ട ദയാപാർവതിക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി. കറുത്ത പാന്റും ഷർട്ടും തലയിൽ കറുത്ത കെട്ടും കൈയിൽ യന്ത്രത്തോക്കുമായി എത്തിയ ദയാപാർവതിയെ അമ്മ രാജത്തിനുപോലും തിരിച്ചറിയാനായില്ല. സാമ്പത്തിക ശാസ്ത്രത്തിൽ 75 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നേടിയ ദയാപാർവതി ബാങ്കിലെ ഭേദപ്പെട്ട ജോലി ഉപേക്ഷിച്ചാണ് യൂണിഫോം സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.വനിതാ ബറ്റാലിയനിലേക്ക് ആദ്യമായി പരിശീലനം പൂർത്തിയാക്കിയവരിൽ 82 പേർ ബിരുദാനന്തരബിരുദക്കാരാണ്. 19 പേർ ബി.ടെക്, അഞ്ചുപേർ എം.ബി.എ., നാലുപേർ എം.സി.എ. ബിരുദങ്ങൾ നേടിയവരാണ്. 55 പേർ ബിരുദാനന്തരബിരുദത്തോടൊപ്പം ബി.എഡ്., ഒരാൾ എം.എഡ്., 62 പേർ ബിരുദത്തോടൊപ്പം ബി.എഡ്., മൂന്നുപേർ ബിരുദത്തോടൊപ്പം ഡിപ്ലോമ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Kf6lTi
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ