തിരുവനന്തപുരം: ജലനിരപ്പ് ക്രമാധീതമായി ഉയർന്നതിനെ തുടർന്ന് കക്കി അണക്കെട്ടിന് പുറമെ ഇന്ന് ഇടമലയാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാറിൽ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലർട്ട് ഇന്നലെ നൽകിയിരുന്നു. 167.03 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 169 മീറ്ററാണ് ഇവിടുത്തെ പരമാവധി സംഭരണ ശേഷി. മറ്റുള്ള ഡാമുകളിൽ നിന്ന് വ്യത്യസ്തമായി മീറ്ററിലാണ് ഇടമലയാറിൽ ജലനിരപ്പ് കണക്കാക്കുന്നത്. കനത്ത മഴ വൃഷ്ടി പ്രദേശത്ത് നിലനിൽക്കുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. 168 മീറ്ററിലേക്കെത്തുമ്പോഴേക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. കക്കിയിൽ ഇന്നലെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വൈദ്യുതി ബോർഡിന്റെ കീഴിലുള്ളവയാണ് ഇവ രണ്ടും. വകുപ്പിന് കീഴിലുള്ള മറ്റൊരു അണക്കെട്ടായ പമ്പയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാൽ പിൻവലിച്ചതായി വൈദ്യുതി ബോർഡ് അണക്കെട്ട് സുരക്ഷാവിഭാഗം ഇന്നലെ അറിയിച്ചിരുന്നു. അതേ പ്രധാന അണക്കെട്ടായ ഇടുക്കിയിൽ ജലനിരപ്പ് 2395.82 അടിയിലെത്തി. ഡാമിന്റെ വൃഷ്ടപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ടെങ്കിലും നീരൊഴുക്ക് ഇപ്പോഴുമുണ്ട്. ഇന്നത്തെ മഴയും നീരൊഴുക്കും നിരീക്ഷച്ചായിരിക്കും തുടർനടപടി. തുടർച്ചയായ മഴയിൽ സംസ്ഥാനത്തെ ചെറുതും വലുതുമായ 78 അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. 25 എണ്ണം ഇതിനകം തുറന്നു. മഴ തുടർന്നാൽ ശേഷിക്കുന്ന ചിലത് ഉടൻ തുറക്കേണ്ടിവരും. സംസ്ഥാനത്ത് ഇത്രയേറെ അണക്കെട്ടുകൾ ഒരുമിച്ച് നിറയുന്നത് ആദ്യമാണ്. സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിൽ 58-ഉം ജല അതോറിറ്റിയുടെ നിയന്ത്രണത്തിൽ രണ്ടും ജലസേചന വകുപ്പിനു കീഴിൽ 18-ഉം അണക്കെട്ടുകളാണുള്ളത്. ജല അതോറിറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നെയ്യാർ അണക്കെട്ടും തുറന്നിട്ടുണ്ട്. മലമ്പുഴയിൽ പരമാവധി ശേഷിയോടടുക്കുന്നു. ഇവിടെ അന്തിമ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കല്ലട, പീച്ചി, മലങ്കര, മംഗലം, ഭൂതത്താൻകെട്ട്, മണിയാർ, ശിരുവാണി എന്നിവ തുറന്നുവിട്ടിരുന്നു. മറ്റുചിലത് ഇടയ്ക്കിടെ തുറന്നും അടച്ചും ജലനിരപ്പ് നിയന്ത്രിക്കുന്നുണ്ട്. വൈദ്യുതി ബോർഡിന്റെ മറ്റു ജലസംഭരണികളായ കല്ലാർകുട്ടി, കുറ്റ്യാടി, ലോവർ പെരിയാർ, ബാണാസുരസാഗർ, ഷോളയാർ, പെരിങ്ങൽകുത്ത്, ചെങ്കുളം തുടങ്ങിയവയിൽ ഷട്ടർ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കേണ്ടിവന്നു. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ബോർഡിന്റെ 16 പ്രധാന അണക്കെട്ടുകളുടെ ആകെ സംഭരണശേഷിയുടെ 91 ശതമാനവും നിറഞ്ഞുകഴിഞ്ഞു. ബോർഡിന്റെ അണക്കെട്ടുകളിൽ ഇത്രയും വെള്ളം മുമ്പൊരിക്കലും എത്തിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2M7rlxb
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ