ഇനിയില്ല ആ 'രാഗം ഭൈരവി' - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഇനിയില്ല ആ 'രാഗം ഭൈരവി'

കൊച്ചി: ആ ഗസൽ നിലച്ചു. വീണ്ടും പാടാം സഖീ നിനക്കായി എന്ന് പാടാൻ ഇനി ഉമ്പായി ഇല്ല. മലയാളത്തിൽ ഗസലോ എന്ന് സംശയിച്ചവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗസലിന്റെ അത്ഭുതലോകം അദ്ദേഹം മലയാളികൾക്കായി തുറന്നുനല്കി. ഉമ്പായിയുടെ ശബ്ദത്തിൽ കേട്ട ഗസലുകളെല്ലാം മലയാളി നെഞ്ചോട് ചേർത്തു. ഗസൽ എന്ന സംഗീതശാഖയെ മലയാളിക്ക് പ്രിയതരമാക്കിയതിൽ ഉമ്പായിയുടെ പങ്ക് അത്രമേൽ വലുതായിരുന്നു. ദാരിദ്ര്യവും കനൽ നിറഞ്ഞ ജീവിതവഴികളും താണ്ടിയതായിരുന്നു ആ സംഗീതയാത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗസലുകളിൽ ആ തീവ്രാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായിരുന്നു. ചുമട്ടുജോലി മുതൽ കള്ളക്കടത്ത് വരെയുള്ള ജീവിതാനുഭവങ്ങളുടെ തീവ്രതയിലൂടെ കടന്നപ്പോൾ സംഗീതവും ഗുണ്ടായിസവും ഒരുപോലെ വഴങ്ങുന്ന ഏതോ ചിരപരിചിത സിനിമാനായകന്റെ പരിവേഷവും ഉമ്പായിക്ക് സ്വന്തമായി. അങ്ങനെ പറഞ്ഞത് ഉമ്പായി തന്നെയായിരുന്നു. തന്റെ ആത്മകഥയായ രാഗം ഭൈരവി എന്ന പുസ്തകത്തിലൂടെ. തന്നെ താൻ ആക്കി മാറ്റിയത് കൊച്ചിയാണെന്ന് ഉമ്പായി ഉറപ്പിച്ചുപറഞ്ഞതും ആ പുസ്തകത്താളുകളിലൂടെ തന്നെയായിരുന്നു. ഓരോ ദേശത്തിനും ഓരോ കഥയുണ്ട്,എന്റെ ദേശത്തിന്റെ കഥയിലൂടെയാണ് ഞാനും ഞാനായത് എന്ന് ഉമ്പായി പറഞ്ഞിരുന്നു. മെഹബൂബ് ഭായിയുടെ സംഗീതയാത്രയെ അനുഗമിക്കാനായതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമെന്നും അദ്ദേഹം പുസ്കത്തിലെഴുതി. നമ്മിൽ നിന്ന് അകന്ന സംഗീതത്തെ തിരികെക്കൊണ്ടുവരികയാണ് തന്റെ ശ്രമമെന്നാണ് പാട്ട് ജീവിതത്തെക്കുറിച്ച് ഉമ്പായി പറഞ്ഞുവച്ചത്. സമ്പന്നരുടെ വീടുകളിലും സുഹൃദ്സദസ്സുകളിലുമായി ഒതുങ്ങിനിന്ന ഗസലെന്ന മാന്ത്രികതയെ സാധാരണക്കാരിലേക്ക്, അവരുടെ ഹൃദയതന്ത്രികളിലേക്ക് എത്തിക്കുന്നതിൽ ആ ഗായകൻ വിജയിക്കുക തന്നെ ചെയ്തു. എഴുതിയും പാടിയും മലയാളിമനസ്സുകളിലേക്ക് ഗസൽ മഴ പെയ്യിച്ച ആ ഗായകൻ മരണത്തിലേക്ക് മറയുമ്പോഴും ജീവിതത്തെ നോക്കി പാടിയിട്ടുണ്ടാവാം...... നന്ദി പ്രിയസഖീ നന്ദീ, നീ തന്നതിനെല്ലാം നന്ദീ എന്ന്!


from mathrubhumi.latestnews.rssfeed https://ift.tt/2Avv7Pv
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages