വണ്ണപ്പുറം(ഇടുക്കി): അച്ഛനും അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് വീടിനുസമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം. ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ, തൊടുപുഴ ബി.എഡ്. കോളേജ് വിദ്യാർഥിനി ആർഷ(21), കഞ്ഞിക്കുഴി എസ്.എൻ. സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അർജുൻ(17) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ പിൻഭാഗത്ത് തൊഴുത്തിനോടു ചേർന്നുള്ള കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊലപാതക കാരണമോ കൊലപാതകികളെക്കുറിച്ചോ സൂചനകളൊന്നുമില്ല. എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറെ, ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കുന്നതിനെച്ചൊല്ലി പോലീസ്-റവന്യൂ അധികൃതർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. തുടർന്ന് തൊടുപുഴ തഹസിൽദാർ വിനോദ് രാജിന്റെ നേതൃത്തിൽ ഉച്ചയ്ക്ക് 12-നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒറ്റപ്പെട്ടവീട്; ആരുമായും ബന്ധമില്ല ജനവാസമേഖലയിൽനിന്നു മാറി ഒറ്റപ്പെട്ട ഭാഗത്താണ് സംഭവം നടന്ന വീട്. നാട്ടുകാരുമായി ഇവർക്ക് അധികം ബന്ധങ്ങളുണ്ടായിരുന്നില്ല. അടുത്തവീട്ടിൽനിന്നാണ് ഇവർ പാലുവാങ്ങിയിരുന്നത്. ഞായറാഴ്ച ആർഷ പാൽ വാങ്ങാനെത്തിയിരുന്നു. പിന്നീട് ഇവരെ ആരെയും പുറത്ത് കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിൽ സംശയംതോന്നി അയൽക്കാരും വീട്ടുകാരും ഇവിടെയെത്തുമ്പോൾ വീട്ടിലെ ഫ്യൂസ് ഊരിയ നിലയിലായിരുന്നു. വീടിനകത്ത് മുറികളിൽ രക്തം വീണുകിടപ്പുണ്ട്. പിന്നീടാണ് വീടിന്റെ പിൻഭാഗത്ത് മണ്ണിളകി കിടക്കുന്നതുകണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം ആഴമില്ലാത്ത കുഴിയിൽ മൂന്നടി മാത്രം ആഴമുള്ള കുഴിയിലാണ് മൃതദേഹങ്ങൾ മറവുചെയ്തത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും കനത്ത മഴപെയ്തിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകികളെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചില്ല. ഇത് കൊല എങ്ങനെ നടന്നുവെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നിലധികം പേർ കൊലയ്ക്കു പിന്നിലുണ്ടെന്നാണ് പോലീസ് നിഗമനം. എല്ലാവരുടെയും തലയിൽ പൊട്ടലുണ്ട്. ശരീരത്താകമാനം ആഴത്തിൽ മുറിവേറ്റിരുന്നു. അർജുന്റെ വയറിനു കുത്തേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്തശേഷം ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും വീട്ടിലും പരിസരത്തും പരിശോധന നടത്തി. സ്ഥലത്തുനിന്ന് ചുറ്റികയും ഒരു കത്തിയും കണ്ടെടുത്തു. രണ്ടു മണിയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബം ഇവിടെയെത്തിയത് 22 വർഷംമുമ്പ് കോട്ടയം ജില്ലയിലെ മേലുകാവിൽനിന്ന് 22 വർഷം മുമ്പാണ് കൃഷ്ണനുൾപ്പെടെ ആറു സഹോദരന്മാർ കമ്പകക്കാനത്തെത്തിയത്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഇവർ താമസിക്കുന്നത്. കൃഷ്ണന്റെ കുടുംബം സഹോദരങ്ങളോട് പിണങ്ങിക്കഴിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. സ്വർണവുംപണവും കൈവശമുണ്ടായിരുന്നതായാണ് സഹോദരങ്ങൾ നൽകുന്ന സൂചന. വീടിനു ചുറ്റുമായി ഒരേക്കർ റബ്ബർതോട്ടവും സ്വന്തമായുണ്ട്. മന്ത്രവാദം നടന്നതായി സൂചന കൊല്ലപ്പെട്ട കൃഷ്ണൻ, വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കൃഷ്ണനെ കാണാൻ മറ്റു ജില്ലകളിൽനിന്നുൾപ്പെടെ ആഡംബരവാഹനങ്ങളിൽ പതിവായി ആളുകളെത്താറുണ്ടെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. ഏതാനും ദിവസംമുമ്പ് മന്ത്രവാദകർമവുമായി ബന്ധപ്പെട്ട് കൃഷ്ണനും ഇടപാടുകാരും തമ്മിൽ തർക്കമുണ്ടായതായി സൂചനയുണ്ട്. അന്ന് കാളിയാർ പോലീസ്സ്റ്റേഷനിൽ പരാതിയെത്തിയിരുന്നു. തുടർന്ന് 40,000 രൂപ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2LNnFof
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ