കൊച്ചി: ഫോർട്ട് കൊച്ചിക്കാരൻ അബു ഇബ്രാഹിമിന് തബലയുടെ താളമായിരുന്നു ജീവശ്വാസം. വിരലുകളുടെ മാന്ത്രികതയിൽ നിന്ന് ഉയരുന്ന താളത്തെ പ്രണയിച്ച പയ്യന് മുന്നിൽ പക്ഷേ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. കൈവിരലുകളിൽ നിന്ന് താളപ്പെരുക്കമെന്ന് സ്വപ്നം കാണുമ്പോഴൊക്കെയും ബാപ്പയുടെ കയ്യിൽ നിന്ന് ചൂരലിന്റെ ചൂട് അവനറിഞ്ഞു. തബലയും സംഗീതവുമൊന്നും ഇവിടെ വേണ്ടെന്ന ആ കാർക്കശ്യത്തിനു മുന്നിൽ അടിയേറ്റ് തളർന്ന് അവനെ ആശ്വസിപ്പിക്കാൻ ഉമ്മയേ ഉണ്ടായിരുന്നുള്ളു. ഉമ്മയുടെ സാന്ത്വനത്തിന്റെ തണലിൽ നിന്ന് ആ പയ്യൻ സംഗീതത്തെയും തബലയെയും കൂടുതൽ സ്നേഹിച്ചു. ബാപ്പയോടുള്ള പ്രതിഷേധം അവനെ താന്തോന്നിയാക്കി. പാട്ടും പാടി നടന്ന ആ താന്തോന്നിപ്പയ്യനിൽ നിന്ന് ലോകമറിയുന്ന ഉമ്പായിയിലേക്കുള്ള യാത്രക്കിടെ കാത്തിരുന്നത് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു. പാട്ടുകാരനായാൽ കള്ള്കുടിച്ചും കൂട്ടുകൂടിയും മകൻ നശിച്ചുപോകുമെന്നായിരുന്നു ഉമ്പായിയുടെ പിതാവ് അബുവിന്റെ വിശ്വാസം. ഇഎംഎസിന്റെ കടുത്ത അനുഭാവിയായ ആ തോണിപ്പണിക്കാരൻ മകൻ പഠിച്ചുയരങ്ങളിലെത്തുന്നത് സ്വപ്നം കണ്ടു. അതിനായാണ് സംഗീതത്തിൽ നിന്ന് അവനെ അകറ്റാൻ നോക്കിയതും. എന്നാൽ, എതിർക്കുന്തോറും ഏറുന്ന വാശിയായിരുന്നു ആ മകന്റേത്. ബാപ്പയെ അനുസരിച്ചും പിന്നെ നിഷേധിച്ചും ആ മകൻ വളർന്നു. പാട്ടുംപാടി തോന്നിയപോലെ നടക്കുന്ന ചെക്കൻ ഭാരമായപ്പോഴാണ് വീട്ടുകാർ അവനെ പൂനെയിലേക്ക് പഠനത്തിനായി അയച്ചത്. അവിടുത്തെ സീമാൻ പഠനത്തിനിടെയും അവൻ സ്നേഹിച്ചത് സംഗീതത്തെ. ക്ലാസിന്റെ ഇടവേളകളിൽ കൂട്ടുകാർക്കുവേണ്ടി അവൻ ഡെസ്കിൽ താളപ്പെരുക്കം തീർത്തു. ആ താളം ഹൃദയത്തിലെ സംഗീതത്തിന്റെ താളമാണെന്ന് അധ്യാപകർ തിരിച്ചറിഞ്ഞു. പഠനത്തിൽ പിന്നോക്കമായിട്ടും വയർമാൻ സർട്ടിഫിക്കറ്റ് നല്കി അവർ അവനെ അനുഗ്രഹിച്ചു. നിന്റെ വഴി സംഗീതമാണെന്നും ആ വഴിയിലെത്താൻ മുംബൈയിലേക്ക് തിരിക്കാനും നിർദേശിച്ചു. മുംബൈയിലായിരുന്നു അടുത്ത വഴിത്തിരിവ്. തബലയുടെ താളം മനസ്സിലും വിശപ്പിന്റെ താളം വയറിലും മുറുകി. എന്നിട്ടും സംഗീതമാണ് തനിക്ക് വലുതെന്നുറപ്പിച്ച് ആ ചെറുപ്പക്കാരൻ ജീവിതത്തോട് പോരാടാൻ തന്നെയുറച്ചു. ചാരായവും ഭാംഗും ചുവന്നതെരുവിലെ കിങ്കരന്മാരും കലർന്ന സന്ധ്യകളിൽ അവൻ പാടിയത് അതുവരെയറിയാത്ത ആരോഹണ അവരോഹണങ്ങളായിരുന്നു. ഒരു ജോലിക്കായുള്ള നെട്ടോട്ടമായിരുന്നു പിന്നെ. അങ്ങനെ എത്തിയതാവട്ടെ അധോലോകത്തിന്റെ കെട്ടവഴികളിലും. ചെറിയ ചെറിയ ഇടപാടുകളിൽ തുടങ്ങി സ്വർണവും ഡോളറുമെല്ലാം ആ കൈകളിലൂടെ മറിഞ്ഞു. പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് ജീവിക്കാനോടിയ നാളുകൾ. അപ്പോഴേക്കും മനസ്സിലെ തബലയും സംഗീതവും ഗസലിനോട് കൂട്ടുകൂടിയിരുന്നു. ആ സംഗീതം തേടിയുള്ള അലച്ചിലിനൊടുവിൽ ഏതോ നിയോഗം പോലെ മുജാവർ അലിഖാൻ എന്ന സംഗീതസാമ്രാട്ടിന്റെ അടുത്തെത്തി. അവിടെ നിന്നായിരുന്നു താന്തോന്നിയായ പാട്ടുകാരനിൽ നിന്ന് ഉമ്പായിയിലേക്കുള്ള വളർച്ച. ഇതിനിടെ ഉമ്മയുടെ മരണം. നാട്ടിലേക്കുള്ള തിരിച്ചുവരവ്. സാഹചര്യങ്ങൾ നാട്ടിൽതന്നെ അദ്ദേഹത്തെ പിടിച്ചുനിർത്തി. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനയും പുച്ഛവും ഏറ്റുവാങ്ങി തളർന്നു. പാട്ടുപാടി നേരം കളയുന്നവനെന്ന പേരുദോഷം വേറെയും. പണിയെടുത്ത് കാശുണ്ടാക്കാനായിരുന്നു ഉപദേശം. അതിനോടുള്ള പ്രതിഷേധമായി പാട്ടുപാടാൻ കണ്ടെത്തിയ വേദിയായിരുന്നു കള്ള്ഷാപ്പ്. ലഹരിയിൽ സ്വയം മറന്ന ആ കാലത്തായിരുന്നു വിവാഹം കഴിഞ്ഞതും. എന്നിട്ടും ജീവിതം മാറിയില്ല. എന്തിനോടൊക്കെയോ ഉള്ള പകയിൽ ജീവിതം ജീവിച്ചുതീർക്കുന്നതിനിടെ ഭാര്യയുടെ കണ്ണീരോ മക്കളുടെ വേദനയോ ഒന്നും കണ്ടില്ല. എപ്പോഴോ മൂത്ത മകൾ കരഞ്ഞുപറഞ്ഞ വാക്കുകൾ ഉള്ളിലുടക്കി. ഇനി മദ്യപിക്കില്ലെന്ന് തീരുമാനമെടുത്തു. അതത്ര എളുപ്പമല്ലായിരുന്നു. ആശുപത്രിവാസം വരെ പിന്നാലെയെത്തി. ആശുപത്രി വിടുമ്പോഴേക്കും പുതിയൊരു ഉമ്പായി പിറന്നിരുന്നു. ഗസലുകളിൽ മാത്രം ലഹരി കണ്ടെത്തുന്ന ഒരാൾ. അങ്ങനെ തോണിപ്പണിക്കാരന്റെ മകൻ മറ്റൊരു തോണിപ്പണിക്കാരനാകാതെ പഠിച്ചിട്ടും സീമാനാകാതെ ഗസൽ ഗായകനായി. പഴയ ഉമ്പായിയും പുതിയ ഉമ്പായിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ആരെങ്കിലും ചോദിക്കുമ്പോൾ മറുപടി ഇതായിരുന്നു. "അന്ന് പാടുമ്പോൾ എന്റെ മുമ്പിൽ ഗ്ലാസ് ഉണ്ടായിരുന്നു, ഇന്ന് അതില്ല!!!
from mathrubhumi.latestnews.rssfeed https://ift.tt/2KgC7zx
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ