തിരുവനന്തപുരം: മുമ്പൊരിക്കലും ഇല്ലാത്തവിധം അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോൾ വൈദ്യുതി വിൽക്കുകയാണ് കേരളം. ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതി വിൽക്കുന്നുണ്ട്. പകൽ നൽകുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വില. വൈകീട്ട് ഉപയോഗം കൂടിയ സമയത്ത് ആറുരൂപയും. ഹരിയാണയിൽനിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാനും ഇപ്പോൾ കേരളത്തിന് കഴിയുന്നു. ഇതിനുപുറമേ പവർ എക്സ്ചേഞ്ചുവഴി ദിവസം 500-600 മെഗാവാട്ട് വേറെയും വിൽക്കുന്നുണ്ട്. ഇതിന്റെ വിലയിൽ വല്ലാത്ത ഏറ്റക്കുറച്ചിലുണ്ട്. യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ദിവസേന അരലക്ഷംമുതൽ ഒരുകോടി യൂണിറ്റുവരെയാണ് വിൽപ്പന. ശരാശരി വില യൂണിറ്റിന് മൂന്നരരൂപ. ഇപ്പോൾ 3.8 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനം ദിവസേന ഉത്പാദിപ്പിക്കുന്നത്. ഇതാണ് വിൽപ്പനയ്ക്ക് ബോർഡിനെ പ്രാപ്തമാക്കുന്നതെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. വിൽപ്പനയിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് കുറയ്ക്കാനാണ് ശ്രമം. ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്സ്ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കുന്നുണ്ട്. ഈ മഴക്കാല വിൽപ്പന ബോർഡിന് എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പറയാറായിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ പറയുന്നു. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നില്ലെങ്കിൽ കൂടുതൽ വിലകിട്ടുന്ന വിപണി കണ്ടെത്തി വരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. അണക്കെട്ടുകൾ തുറന്നുവിട്ട് വെള്ളം കുറഞ്ഞാൽ പവർ എക്സ്ചേഞ്ചുവഴിയുള്ള അധികം ലാഭമില്ലാത്ത വിൽപ്പനയിൽ ഒതുങ്ങേണ്ടിവരും. അധികമെത്തിയത് 150 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം 150 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇത്തവണ ഇതുവരെ ബോർഡിന്റെ അണക്കെട്ടുകളിൽ അധികമായെത്തിയത്. ജൂലായ് മാസത്തിനകം ബോർഡിന്റെ ചരിത്രത്തിലിതേവരെ ഇത്രയും വെള്ളം കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഉത്പാദനം ഏറ്റവും ഉയർന്നതോതിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2M56Zo1
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ