അനുഭവങ്ങളുടെ മഹാസമുദ്രത്തിൽ നിന്നാണ് ഉമ്പായിയുടെ ഓരോ ഗാനത്തിന്റെയും പിറവി. ഒന്നു ശ്രദ്ധിച്ചാൽ സങ്കടതിരമാലകളുടെ ഈണം കേൾക്കാം, കടൽക്കാറ്റിന്റ നനവുള്ള സ്പർശം അനുഭവിക്കാം. ഫോർട്ട് കൊച്ചിയുടെ തീരഭൂവിൽ നിന്നാണ് പ്രണയവിഷാദങ്ങളുടെ ഈ മധുരാനുഭവം പിറവി കൊള്ളുന്നത്. ലോകത്ത് എവിടെയിരുന്നു പാടുമ്പോഴും ഉമ്പായിയുടെ മനസ്സിൽ കൊച്ചിയുടെ കാതൽ സദാ ആർത്തുലച്ചുകൊണ്ടിരിക്കും. ഗസലിനെക്കുറിച്ച് പറയുമ്പോൾ ഉമ്പായി ചലച്ചിത്രകാരൻ ജോൺ എബ്രഹാമിനെക്കുറിച്ച് പറയാൻ തുടങ്ങും. കാരണം മട്ടാഞ്ചേരിയിലെ പി.എ. ഇബ്രാഹിമിനെ ഉമ്പായി ആക്കിയത്, ജോൺ എബ്രഹാമാണ്. മട്ടാഞ്ചേരിയിലെ ഒരു സുഹൃത്തിന്റ മുറിയിലിരുന്ന് ഗസൽ പാടുമ്പോളാണ് ജോണിനെ ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ച ജോണിന്റെ അമ്മ അറിയാൻ സിനിമയിൽ ഗാനം ആലപിക്കാൻ വഴിയൊരുക്കി. പി.എ.ഇബ്രാഹിമിനെ മറ്റ് ഇബ്രാഹിമുമാർക്കിടയിൽ നിന്ന് വേർതിരിച്ചറിയാനാണ് ജോൺ ഉമ്പായി എന്ന് സിനിമയുടെ ടൈറ്റിലിൽ ചേർത്തത്. ജോൺ ഉമ്പായിയെ വിശേഷിപ്പിച്ചത് കേരളത്തിന്റ ഗസൽ നാദം എന്നാണ്. എന്നിലെ സംഗീതം ഞാൻ അറിഞ്ഞില്ല, ജോൺ അത് മനസ്സിലാക്കി തന്നുഎന്നാണ് ഉമ്പായി അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അമ്മ അറിയാൻ സിനിമയുടെ റെക്കാർഡിങ്ങിനാണ് ആ ശബ്ദം ആദ്യം കേൾക്കുന്നതും. കൊച്ചി കടപ്പുറത്ത് തോണിപ്പണിക്കാരന്റെ മകൻ നാടറിയുന്ന ഗസൽ ഗായകനായതിന്റെ പിന്നിൽ ഒരുപാട് കഷ്ടപ്പാടിന്റയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ട്. കടലിന്റയും കാറ്റിന്റെയും സംഗീതത്തിൽ വളർന്ന പി.എ. ഇബ്രാഹിമിന് ആദ്യകമ്പം തബലയായിരുന്നു. വീട്ടിലെ ദാരിദ്ര്യം ഏറെ കാലം നാട്ടിൽ നിൽക്കാൻ അനുവദിച്ചില്ല. ബാപ്പക്കാണെങ്കിൽ സംഗീതം പരിശിലിക്കുന്നതിൽ താല്പര്യവുമില്ല. എസ്.എസ്.എൽ.സി. തോറ്റപ്പോൾ കൊച്ചാപ്പയോടൊപ്പം മുബൈക്ക് പോയി. അവിടെ പല ജോലികളും ചെയ്തു. അവിടെ സീമാനായി ജോ ലിചെയ്യുമ്പോഴും മനസ്സ് സംഗീതത്തിന്റ സങ്കടരാഗം മൂളുകയായിരുന്നു. ഇതിനിടെയാണ് ഉമ്പായി തൻ ഗുരുജി അല്ലെങ്കിൽ ഉസ്താദ് എന്നു വിളിക്കുന്ന മുജാബിൽ അലിഖാനെ കണ്ടുമുട്ടുന്നത്. അദ്ദേഹ ത്തിന്റെ ശിഷ്യനായ ശേഷമാണ് ഗസൽ പരിശീലിക്കുന്നത്. മുംബൈയിലെ മലബാർ ഹില്ലിൽ പോയിരുന്ന് കുറെദിവസം തുടർച്ചയായി ഉസ്താദിന്റെ പാട്ട് കേട്ടു. അതിൽ ആകൃഷ്ട നായി പിന്നാലെ കൂടി. ഒടുവിൽ ഉസ്താദ് ശിഷ്യനാക്കി കൂടെ കൂട്ടി. അങ്ങനെ ഏഴുവർഷം. ഒടുവിൽ അനുഗ്രഹിച്ച് തിരിച്ചയച്ചു. ഇതിനിടെ അമ്മയ്ക്ക് രോഗം കലശലായപ്പോൾ വീട്ടിൽ തിരിച്ചെത്തി. മട്ടാഞ്ചേരിയിലെ ജവഹരിലാൽ സോം അബ്ദുൾ ഖാദർ വക്കീലും ഗസലിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഉപദേശിച്ചു. പിന്നീട് 9 വർഷം അബാദ് പ്ലാസയിൽ പാടി. 20 വർഷം മുമ്പ് ഡൽഹിയിൽ ഒരു ഗസൽ വേദിയിൽവെച്ചാണ് മലയാളത്തിൽ ഗസൽ വേണമെന്ന് ഉമ്പായിക്ക് തോന്നിയത്. അന്ന് ശ്രോതാക്കളുടെ കൂടെ ജഗദീഷ് ടൈറ്റ്ലറിന്റെ സെക്രട്ടറി രജബ് അലിയം കേരളത്തിൽ നിന്നുള്ള എം.പി.മാരും ഉണ്ടായിരുന്നു. പരിപാടിക്കൊടുവിൽ ഉമ്പായി മലയാളിയാണെന്ന് പറഞ്ഞപ്പോൾ രജബലിക്ക് വിശ്വാസമായില്ല. വടക്കെ ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചുപറഞ്ഞു. അപ്പോൾ കേരളത്തിൽ നിന്നുള്ള എം.പി.മാർ ആവശ്യപ്പെട്ടതനുസരിച്ച് താമസമെന്തേ വരുവാൻ.... നാലുവരി പാടി. മലയാളത്തിൽ എന്തുകൊണ്ട് ഗസൽ പാടിക്കൂടാ എന്ന് ആദ്യമായി ഉമ്പായി ചിന്തിച്ചത് അപ്പോഴാണ്. ആ ആഗ്രഹം മനസ്സിൽ വെച്ചു പിന്നീടങ്ങോട്ട് കഠിന പ്രയത്നത്തിന്റെ നാളുകളായിരുന്നു. പ്രശസ്തരായ ഗാനരചയിതാക്കളെ ഗാനങ്ങൾക്കുവേണ്ടി സമീപിച്ചു. പക്ഷേ, ആദ്യം തിക്താനുഭവമായിരുന്നു. എന്നാൽ മനഃധൈര്യവും ആത്മവിശ്വാസവും കൈവെടിഞ്ഞില്ല. ആഗ്രഹിച്ചത് നേടിയെടുക്കാനുള്ള മനസ്സുറപ്പുണ്ടായിരുന്നു. ഇതിനിടയിൽ ഹസ്രത്ത് ജയ്പുരിയെ തന്റ ഗസലുകൾ കേൾപ്പിച്ച് ചില കവിതകൾ വാങ്ങി. അവയിൽ എട്ടെണ്ണത്തിന് ഈണം നൽകി. ആദ്യ ആൽബം പുറത്തിറക്കി. ആ ദാബ് വേണു വി.ദേശത്തിന്റ ഗാനങ്ങൾ പ്രണാമം എന്നപേരിൽ അൽബമാക്കി. ഇതാണ് മലയാളത്തിലെ ആദ്യഗസൽ ആൽബം. ഒരു കവിതക്ക് 80, 000 രൂപ ചോദിച്ച യൂസഫലി കേച്ചേരി പിന്നീട് കവിത സൗജന്യമായി കൊടുത്തു. അവയാണ് ഗസൽ മാല എന്ന ആൽബം. ഓർമകളിൽ മെഹബൂബ്, ഫിർ വഹി ശ്യാം എന്നീ ആൽബങ്ങളും പുറത്തിറക്കി. യേശുദാസ് പാടിയ കുറെ പ്രണയ ഗാനങ്ങൾക്ക് ഗസൽസ്പർശം നൽകി മധുരമീ ഗാനം എന്നപേരിൽ ആൽബമാക്കി. പിന്നെ ഹൃദയരാഗം, കെ.സച്ചിദാനന്ദൻ അകലെ മൗനം പോൽ, പ്രദീപ്കുമാർ അഷ്ടമിച്ചിറയുടെ ഒരു മുഖം മാത്രം എന്നീ ആൽബങ്ങളും ഒരുക്കി. പഴയ ഹിന്ദി സിനിമാ ഗസലുകൾ കൂട്ടിയിണക്കിയതാണ് പാർ കെ സപ്ന് എന്ന ആൽബം. ഏറ്റവും ഒടുവിൽ ഒ.എൻ.വി.യുടെ ഗാനങ്ങൾ പാടുക സൈഗാൾ പാടൂ എന്ന ആൽബവും. ഉമ്പായി ഇടയ്ക്കിടെ തന്റ ഉസ്താദിന്റ രണ്ടുവാചകം പറയും സരസ്വതി പർ ലഗാവോ ലകപ്പി ഹോ ജായേഗേ അർഥമിങ്ങനെ: - നീ സംഗീതത്തിലേക്ക് വ്യാപൃതനാകൂ നിന്റ ദാരിദ്ര്യം ലക്ഷ്മി മാറ്റും.ഉസ്താദിന്റെ വാക്കുകൾ സത്യമായതാണ് ഉമ്പായിയുടെ ജീവിതം. ഗുലാം അലിയും മെഹ്ദി ഹസനുമൊക്കെ വഴിവെട്ടിത്തെളിച്ച ഗസൽ സംഗീതത്തിന് ആരാധകർ കൂടിക്കൊണ്ടിരിക്കുമ്പോൾ, മലയാളത്തിലെ ഗസലുകളെ സജീവമാക്കുകയായിരുന്നു ഉമ്പായി (മാതൃഭൂമി ദിനപത്രത്തിൽപ്രസിദ്ധീകരിച്ചത്)
from mathrubhumi.latestnews.rssfeed https://ift.tt/2LUP6eX
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ