ന്യൂഡൽഹി: യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയേയും ന്യൂഡൽഹിയിലെ വസതിയിൽ സന്ദർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയുടെ പ്രസ്താവനകൾക്ക് മറുപടി പറയാൻ താൻ അവരുടെ ജോലിക്കാരിയല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ മമത പറഞ്ഞു. 2019 ൽ വീണ്ടും അധികാരത്തിലെത്താൻ കഴിയില്ലെന്ന് ബി.ജെ.പിക്കറിയാം. അതുകൊണ്ടാണ് അവർ ഉത്തരവാദിത്വത്തോടെ സംസാരിക്കാൻ തയ്യാറാകാത്തത്. അധിക്ഷേപത്തെ അത്തരത്തിൽതന്നെ നേരിടുന്നത് തങ്ങളുടെ സംസ്കാരമല്ല. രാഷ്ട്രീയത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിന്റെ യോജിച്ച നേതൃത്വമാവും 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടുക. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് ആദ്യലക്ഷ്യം. അതിനുവേണ്ടി യോജിച്ച പോരാട്ടം നടത്തുമെന്നും മമത ബാനർജി പറഞ്ഞു. ഓരോ സംസ്ഥാനത്തും അവിടുത്തെ ശക്തമായ പ്രതിപക്ഷ പാർട്ടി പോരാട്ടം നയിക്കുമെന്ന് മമത പറഞ്ഞു. പശ്ചിമബംഗാളിൽ തങ്ങൾക്കാണ് ശക്തി. അവിടെ സ്വന്തം നിലയിൽ പോരാട്ടം നടത്താൻ തങ്ങൾക്ക് കഴിയുമെന്നും മമത പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്ന മമത ബാനർജി രണ്ട് ദിവസം ഡൽഹിയിൽ തങ്ങിയാണ് വിവിധ നേതാക്കളുമായി ചർച്ചകൾ നടത്തിയത്. കോൺഗ്രസ്, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി, ജെ.ഡി(എസ്) എന്നീ പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മമത ജനുവരി 19 ന് കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ നേതാക്കളെ ക്ഷണിക്കുകയും ചെയ്തിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെയും അവർ സന്ദർശിച്ചിരുന്നു. എൻ.ഡി.എ ഘടകകക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്തും മമതയെ കണ്ടിരുന്നു. ശിവസേന നേതാവ് ഉദ്ധത് താക്കറെയേയും കൊൽക്കത്തയിലെ റാലിക്ക് മമത ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും സ്ഥാനത്തിൽ കണ്ണുവെക്കുന്നില്ലെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരുന്ന് തീരുമാനങ്ങൾ എടുക്കുമെന്നും അവർ വ്യക്തമാക്കി. Content Highlights:Mamata Banerjee, Rahul, Sonia
from mathrubhumi.latestnews.rssfeed https://ift.tt/2LRdGgH
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ