ഇ വാർത്ത | evartha
ദുരിതാശ്വാസ ക്യാമ്പില്‍ ഒരു മിന്നുകെട്ട്
മലപ്പുറം: പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍ ശോഭ ദമ്പതികളുടെ മകള്‍ അഞ്ജു ഇന്ന് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ഈ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ്.
വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കാന്‍ ആദ്യം ആലോചിച്ചു. എന്നാല്‍ ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പോലെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി. ഷൈജുവിന്റെ വേങ്ങരയിലെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സമീപപ്രദേശത്തൊക്കെ വെള്ളക്കെട്ടാണ്. അതുകൊണ്ടുതന്നെ അഞ്ജുവിന്റെ വീട്ടിലെന്നപോലെ ഷൈജുവിന്റെ വീട്ടിലും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളൊന്നുമില്ല. ക്ഷേത്ര ട്രസ്റ്റി തന്നെയാണ് വിവാഹ സദ്യയൊരുക്കിയത്.
കടലുണ്ടിപ്പുഴ കരകവിഞ്ഞ് നെച്ചിക്കുറ്റി ഭാഗത്ത് വെള്ളം കയറിയതോടെയാണ് നെച്ചിക്കുറ്റി അഞ്ജു നിവാസില്‍ സുന്ദരന്‍, ഭാര്യ ശോഭ, മക്കളായ അഞ്ജു, സുധിന്‍, സഞ്ജു എന്നിവര്‍ എംഎസ്പി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. സുന്ദരന്റെ കുടുംബമടക്കം 26 കുടുംബങ്ങളിലെ 112 പേരാണ് ക്യാമ്പിലെത്തിയത്.
വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങള്‍ വെള്ളിയാഴ്ച വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വീട്ടില്‍ വെള്ളം കയറി ക്യാമ്പിലെത്തിയതോടെ മുടങ്ങി. പ്രദേശവാസികളുടെ സഹായത്താല്‍ ക്യാമ്പിലേക്ക് മാറിയതോടെ വിവാഹത്തിനുമുമ്പ് അണിയേണ്ട സെറ്റ് സാരി മാത്രമാണ് അഞ്ജു കൈവശംവച്ചത്. മറ്റുള്ളവരുടെ വസ്ത്രങ്ങളെല്ലാം വീട്ടിനുള്ളിലായി.
വിവാഹത്തലേന്ന് സല്‍ക്കാരത്തിനായി പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിച്ചെങ്കിലും വെള്ളത്തിനടിയിലായി. ഈ വിവരങ്ങളെല്ലാം വരന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും നിശ്ചയിച്ച ദിവസംതന്നെ ലളിതമായി ചടങ്ങ് നടത്തിയാല്‍ മതിയെന്നാണ് അവരും അറിയിച്ചത്. ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് മറ്റ് കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MW3noT
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ