ഇ വാർത്ത | evartha
ക്യാപ്ടനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ വിരാട് കൊഹ്‌ലി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് എജ്ബാസ്റ്റണില്‍ ഇന്ന് തുടക്കം കുറിക്കും. ക്രിക്കറ്റിന് ബീജാവാപം ചെയ്ത മണ്ണില്‍ ഇംഗ്ലണ്ടിന്റെ 1000ാം ടെസ്റ്റാണിതെന്ന പ്രത്യേകതയുണ്ട്. ക്യാപ്ടനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വിരാട് കൊഹ്‌ലി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പര.
വിരാട് കോലിക്ക് ഇതുവരെ ഇംഗ്ലണ്ട് മണ്ണ് നല്ലൊരു വിളഭൂമിയല്ല. ടെസ്റ്റ് ബാറ്റിങ്ങില്‍ 53ന് മുകളില്‍ ശരാശരിയുണ്ടായിട്ടും ഇംഗ്ലണ്ടില്‍ കരുത്തുതെളിയിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. നാലുവര്‍ഷം മുമ്പ് പര്യടനത്തിനെത്തിയപ്പോള്‍ കോലി വന്‍പരാജയമായിരുന്നു. നാലുവട്ടം സ്വിങ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, അന്നത്തെ കോലിയല്ല ഇന്നത്തെ കോലി.
എവേ പര്യടനങ്ങളിലെല്ലാം മികച്ച ബാറ്റിങ് കാഴ്ചവെച്ച കോലി ഇംഗ്ലണ്ടിലും ആ മികവ് തെളിയിക്കാനുറച്ചാണ് ഇക്കുറി ഇറങ്ങുന്നത്. കോലിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് മണ്ണാണ് തന്റെ അധീശത്വം സ്ഥാപിക്കാന്‍ ബാക്കിയുള്ള ഒരേയൊരിടം. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യ 1-3ന് ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറഞ്ഞിരുന്നു.
വെറുമൊരു പര്യടനസംഘം എന്നതിനപ്പുറം ഏത് സാഹചര്യത്തിലും വിജയം കൈക്കലാക്കാന്‍ പോന്ന കളിക്കാരുടെ സംഘമാണ് ഇപ്പോള്‍ ടീം ഇന്ത്യ. ജയമാണ് അവരുടെ വിജയമന്ത്രം. ഏറ്റവുമൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ അവരത് തെളിയിച്ചു. ടെസ്റ്റ് ലോക റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തിയത് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ്. ഇംഗ്ലണ്ടിലും അതാവര്‍ത്തിക്കാനുറച്ചാണ് വിരാട് കോലിയുടെ സംഘം ഇറങ്ങുക.
അതേസമയം റാങ്കിംഗിലെ അഞ്ചാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ഈ വേദിയുടെ ചരിത്രം തന്നെയാണ്. എഡ്ജ്ബാസ്റ്റണില്‍ ആറ് തവണ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു മത്സരത്തില്‍ പോലും വിജയിക്കാനായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ പരാജയമറിഞ്ഞു. തോല്‍വി മാത്രമല്ല, ഇവിടെ തോറ്റ രീതിയും വീരാടിനേയും കൂട്ടരേയും ഏറെ അലട്ടുന്നുണ്ട്.
1974ലും 1979ലും ഇതേ വേദിയില്‍ ഇന്ത്യ ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ 2011ല്‍ 212 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. 1986ലെ പരമ്പരയില്‍ മാത്രമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ സമനിലയുമായി രക്ഷപ്പെട്ടത്. എന്നാല്‍ എന്നും അപ്രതീക്ഷിത വിജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുള്ള ഈ ഇന്ത്യന്‍ ടീം ചരിത്രം തിരുത്തി എഴുതുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ പേസ് നിരയുടെ കൂന്തമുനകളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും പരിക്കിന്റെ പിടിയിലായതും ഇന്ത്യയെ അലട്ടുന്നുണ്ട്. എന്നാല്‍ വിദേശ പിച്ചുകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ഇംഗ്ലണ്ട് ഓപ്പണര്‍ അലസ്റ്റയര്‍ കുക്കും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ”കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നു. അഞ്ചോ, ആറോ വ്യത്യസ്ഥ പേസര്‍മാരെ ഇന്ത്യയ്ക്ക് പരീക്ഷിക്കാനുണ്ട് എന്നത് ഇന്ത്യയുടെ ബൗളിംഗ് ശക്തി മനസിലാക്കാന്‍ സാധിക്കും” കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കുക്ക് തന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറായ 294 റണ്‍സ് നേടിയത് ഇന്ത്യയ്‌ക്കെതിരെ ഇതേ വേദിയിലാണ്.
ടീം: ഇന്ത്യ(സാധ്യതാ ഇലവന്‍) മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി/ഇഷാന്ത് ശര്‍മ.
ഇംഗ്ലണ്ട്: അലസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട്, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, റഷീദ്, സാം കറന്‍, ആന്‍ഡേഴ്‌സണ്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mY48lU
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ