തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട 5.95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണ കിറ്റുകൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമ്മാണം നടത്തും. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഫിഷ് ലാന്റിംഗ് സെന്റർ, ഫിഷിങ് ഹാർബർ, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ മത്സ്യലേലം നടത്തുന്നതിന് ഇപ്പോൾ നിയന്ത്രണങ്ങൾ ഒന്നുമില്ല. അതിനാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഭീമമായ കമ്മീഷൻ ഇടനിലക്കാരായ ലേലക്കാർ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും സർക്കാർ ഉദ്ദേശിക്കുന്നു. കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്റെ പേര്. അനുമതി പത്രത്തിൽ രേഖപ്പെടുത്തിയ സ്ഥലത്തുമാത്രമേ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകു. അനുമതി പത്രത്തിന് മൂന്നു വർഷമാണ് കാലാവധി. തസ്തികകൾ, ശമ്പളപരിഷ്കരണം പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പെൻസറികളിൽ പത്ത് മെഡിക്കൽ ഓഫീസർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പെരിങ്ങളം, വളപട്ടണം, കാറളം, താന്ന്യം, ചൊവ്വന്നൂർ, പറപ്പൂക്കര, ഒഴുവൂർ, മുണ്ടൂർ, നെല്ലിയാമ്പതി, തേങ്കുറിശ്ശി എന്നീ ഡിസ്പെൻസറികളിലാണ് ഓരോ തസ്തിക വീതം അനുവദിക്കുന്നത്. മലബാർ കാൻസർ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ ശമ്പളപരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു. മലബാർ കാൻസർ സെന്ററിലെ നോൺ അക്കാദമിക് വിഭാഗത്തിലെ 27 തസ്തികകൾക്ക് ആർ.സി.സി.യിലെ ശമ്പളത്തിനും ആനുകൂല്യത്തിനും തുല്യമായ ശമ്പള പരിഷ്കരണം അനുവദിക്കും. ആറുമാസത്തിനകം സ്പെഷ്യൽ റൂൾസ് ഉണ്ടാക്കണമെന്ന ഉപാധിയോടെയാണ് ഈ തീരുമാനം. ഇതിനു പുറമെ 23 തസ്തികകൾക്ക് ആർ.സി.സി.യിലെ ആനുകൂല്യങ്ങൾക്ക് തുല്യമായ ശമ്പളപരിഷ്കരണം നടപ്പാക്കും. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെ നഴ്സിംഗ് അസിസ്റ്റന്റ് (87), ക്ലീനർ (53) തസ്തികകളിൽ ശമ്പളപരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു. ആർ.സി.സി.യിൽ ഗൈനക്കോളജിക്കൽ ഓങ്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ താൽക്കാലിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലെ സ്ഥിരം തസ്തികകളിൽ ശമ്പള പരിഷ്ക്കരണം അനുവദിക്കാൻ തീരുമാനിച്ചു. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നവജാത ശിശുവിഭാഗം ആരംഭിക്കുന്നതിന് ഒരു അസോസിയേറ്റ് പ്രൊഫസറുടേയും രണ്ടു വീതം അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് എന്നിവരുടെയും തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ആഭ്യന്തര (എച്ച്) വകുപ്പിൽ ഒരു സെക്ഷൻ ഓഫീസറും അഞ്ച് അസിസ്റ്റന്റ്മാരും അടങ്ങിയ പുതിയ സെക്ഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. 2018-ലെ കേരള സ്പോർട്സ് ഭേദഗതി ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കുന്നു കേരളത്തിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 15 പേർ വീതമുളള അഞ്ച് ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിക്കുന്നത്. കടലിലെ രക്ഷാപ്രവർത്തനം, പവർബോട്ട് കൈകാര്യം ചെയ്യൽ, കടൽ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ സ്ക്വാഡിലെ അംഗങ്ങൾക്ക് പരിശീലനം നൽകും. പ്രതിദിനം 700 രൂപ സ്റ്റൈപന്റോടെയാണ് സർക്കാർ അംഗീകരിച്ച സ്ഥാപനം മുഖേനയാണ് പരിശീലനം. ഇതിനാവശ്യമായ 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുളള ഹോസ്റ്റലുകളിൽ വാച്ച്മാൻമാരുടെ 100 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പി.എസ്.സി വഴി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ പട്ടികവർഗ്ഗത്തിൽപ്പെട്ടവരെ മാത്രമാണ് ഈ തസ്തികകളിൽ നിയമിക്കുക. മദ്രസ അധ്യാപകർക്ക് ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ മദ്രസ അധ്യാപകർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതിനുളള ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. മദ്രസ അധ്യാപകരുടെ പെൻഷൻ, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങൾക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത്. ക്ഷേമനിധിയിൽ അംഗമായ ഓരോ മദ്രസ അധ്യാപകനും പ്രതിമാസം 50 രൂപ അംശാദായം അടക്കേണ്ടതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2O2bqRd
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ